പാലക്കാട് പട്ടാമ്പി കൊടലൂരിൽ വീടിനുള്ളിൽ 63-കാരനെ മരിച്ച നിലയിൽ കണ്ടെത്തി.കൊടലൂർ പതിയിൽ വടക്കേതിൽ മുഹമ്മദാണ് മരിച്ചത്.തലയ്ക്ക് മാരകമായ മുറിവേറ്റിട്ടുണ്ട്.കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണ്.ഫോറൻസിക് വിഭാഗവും വീട്ടിൽ പരിശോധന നടത്തുന്നുണ്ട്.കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം ഉണ്ടായതെന്ന് കരുതുന്നു.
ഇയാളുടെ വീട്ടിലേക്ക് രണ്ടുപേർ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
മുഹമ്മദിനെ അന്വേഷിച്ച് രാത്രി സമീപ വീട്ടിലും മൂന്നുപേർ എത്തിയിരുന്നതായും പറയുന്നുണ്ട്,വിദേശത്തുള്ള ഇളയ മകന്റെ വീട്ടിലാണ് മുഹമ്മദ് താമസിക്കുന്നത്. മകന്റെ ഭാര്യയും കുട്ടികളും വിരുന്ന് പോയിരിക്കുകയായിരുന്നു.മൂത്ത മകന്റെ വീട് സമീപത്താണ്. രാവിലെ മൂത്ത മകന്റെ ഭാര്യ വന്നു നോക്കിയപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്,തറയിൽ വീണുകിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം,
തുടർന്ന് ബന്ധുക്കൾ എത്തുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദിനെ അന്വേഷിച്ച് വീട്ടിലെത്തിയ മൂന്നുപേരെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്. ഇവർ പോലീസിന്റെ കസ്റ്റഡിയിലുള്ളതായും സൂചനയുണ്ട്. എന്നാൽ ഇക്കാര്യം പോലീസ് വ്യക്തമാക്കിയിട്ടില്ല.പട്ടാമ്പി എസ്.എച്ച്.ഒ. കെ.ജെ. ജിനേഷ്, സബ് ഇൻസ്പെക്ടർ മനു കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.
