മലപ്പുറം പെരിന്തൽമണ്ണ: കരിക്കല്ലത്താണിയോട് ചേർന്ന് കിണർ വൃത്തിയാക്കുന്നതിനിടെ സ്ലാബ് ദേഹത്തേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് അന്തരിച്ചു. പൂവ്വത്താണി കൊട്ടിലിങ്ങൽ റിയാസ് (34) ആണ് മരിച്ചത്.
പൂവ്വത്താണി മദ്രസയ്ക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കിണർ വൃത്തിയാക്കുന്നതിനിടെയായിരുന്നു ദാരുണമായ അപകടം. കിണറിന് മുകളിലെ കോൺക്രീറ്റ് സ്ലാബിന്റെ ഒരു ഭാഗം അടർന്ന് റിയാസിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ഉടൻ തന്നെ അദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
പരേതനായ കൊട്ടിലിങ്ങൽ (കുളത്തിൽ) ജബ്ബാറിന്റെ മകനാണ് റിയാസ്. മൃതദേഹം ആശുപത്രി നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. യുവാവിന്റെ അപ്രതീക്ഷിത വേർപാടിൽ കരിക്കല്ലത്താണി മേഖല അതീവ ദുഃഖത്തിലാണ്.
