ദോഹ: ഖത്തറിൽ സ്കൂൾ വിദ്യാർത്ഥിയായ മലയാളി പത്താം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം അന്തരിച്ചു. കോഴിക്കോട് കുറ്റ്യാടി വളയന്നൂർ സ്വദേശി കാരപ്പാറ ജാഫർ - സഫീന ദമ്പതികളുടെ മകൻ ഫനാർ മുഹമ്മദ് (17) ആണ് മരിച്ചത്.
ദോഹയിലെ എം.ഇ.എസ് (MES) ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു ഫനാർ. ചൊവ്വാഴ്ച രാത്രി പതിവുപോലെ ഉറങ്ങാൻ കിടന്നതായിരുന്നു ഫനാർ. എന്നാൽ പിന്നീട് ഉണരാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
നിലവിൽ മൃതദേഹം വക്രയിലെ ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി പ്രവർത്തകർ രംഗത്തുണ്ട്.
കുടുംബത്തോടൊപ്പം ഖത്തറിലായിരുന്നു ഫനാർ താമസിച്ചിരുന്നത്. അപ്രതീക്ഷിതമായുണ്ടായ ഈ വേർപാടിന്റെ ഞെട്ടലിലാണ് പ്രവാസി സമൂഹവും സഹപാഠികളും.
