കോഴിക്കോട്: കഴിഞ്ഞ ശനിയാഴ്ച പന്നിയങ്കര കണ്ണഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ചേളന്നൂർ സ്വദേശി മഹറൂഫ് അലി (24) ആണ് അന്തരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച (മെയ് 2) രാവിലെയായിരുന്നു അപകടം നടന്നത്. മഹറൂഫ് അലി സഞ്ചരിച്ചിരുന്ന ബൈക്കും പാളയത്തേക്ക് കരിവേപ്പിലയുമായി പോവുകയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. ഫറോക്ക് ഭാഗത്തേക്ക് പോകുകയായിരുന്നു മഹറൂഫ്. അപകടത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നിരുന്നു. പന്നിയങ്കര പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
