കൊയിലാണ്ടി അരങ്ങാടത്ത്: മീറ്റർ റീഡിങ്ങിനെത്തിയ കെഎസ്ഇബി ജീവനക്കാരനെ വളർത്തു നായ ക്രൂരമായി ആക്രമിച്ചു. കെഎസ്ഇബി കൊയിലാണ്ടി നോർത്ത് സെക്ഷനിലെ ജീവനക്കാരൻ മാവിൻചുവട് സ്വദേശി അഭിലാഷിന് (36) ആണ് കടിയേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
അരങ്ങാടത്ത് ശ്രീരാമകൃഷ്ണ റോഡിലെ വീട്ടിൽ സോളാർ റീഡിങ്ങിനെത്തിയതായിരുന്നു അഭിലാഷ്. വീട്ടിൽ നായയുള്ളത് നേരെത്തെ അറിയാമായിരുന്നു. അതിനാൽ വീട്ടുടമയോട് നായയെ വീട്ടിനുള്ളിലാക്കാൻ വിളിച്ചു പറഞ്ഞിരുന്നു. നായയെ വീട്ടിനുള്ളിലാക്കി മുൻവശത്തെ വാതിൽ ലോക്ക് ചെയ്ത ശേഷം വീട്ടിലുണ്ടായിരുന്ന സ്ത്രീ മീറ്റർ റീഡിങ്ങിനായി ഉള്ളിലേക്ക് കയറിക്കോ എന്ന് പറഞ്ഞപ്പോഴാണ് ഗെയിറ്റ് കടന്ന് മുറ്റത്തെത്തിയതെന്ന് അഭിലാഷ് പറഞ്ഞു. റീഡ് ചെയ്ത് കൊണ്ട് നിൽക്കുമ്പോൾ വീടിന് പുറകുവശത്തൂടെ നായ വന്ന് അക്രമിക്കുകയായിരുന്നു എന്ന് അഭിലാഷ് പറയുന്നു.
കൈക്കും വയറിനും കാലിനുമാണ് കടിയേറ്റത്. വീട്ടിലുണ്ടായിരുന്നവർ എത്തി നായയെ പിടിച്ചു മാറ്റിയത് കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് അഭിലാഷ് പറഞ്ഞു. ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
