കണ്ണൂർ: മക്കാനിക്കടുത്തുള്ള ആനക്കുളത്തിലേക്ക് നിയന്ത്രണം വിട്ട ലോറി മറിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. സമീപത്തുള്ള സാംസങ് സർവീസ് സെന്ററിലേക്ക് സാധനങ്ങളുമായി എത്തിയതായിരുന്നു ഈ ലോറി. സാധനങ്ങൾ ഇറക്കുന്നതിനായി ചെങ്കുത്തായ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി പെട്ടെന്ന് പുറകോട്ട് ഉരുണ്ട് കുളത്തിലേക്ക് പതിക്കുകയായിരുന്നു.
ലോറി നിർത്തിയിട്ടിരുന്ന സ്ഥലത്തെ കുത്തനെയുള്ള ഇറക്കമാണ് അപകടത്തിന് കാരണമായത്. ഡ്രൈവർ ലോറി ഗിയറിലിടുകയും ചക്രത്തിനടിയിൽ കട്ട വെക്കുകയും ചെയ്തിരുന്നെങ്കിലും അമിത വേഗതയിൽ പുറകോട്ട് ഉരുണ്ട ലോറി കുളത്തിന്റെ കൈവരികളും പടികളും തകർത്ത് വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
അപകടസമയത്ത് രണ്ട് കുട്ടികൾ കുളത്തിൽ കുളിക്കുന്നുണ്ടായിരുന്നു. ലോറി നിയന്ത്രണം വിട്ട് വരുന്നത് കണ്ട ഡ്രൈവർ ഓടിയെത്തി കുട്ടികളോട് മാറാൻ ആവശ്യപ്പെട്ടതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഖലാസികളും ക്രെയിൻ സർവീസ് അധികൃതരും ചേർന്ന് ലോറി വെള്ളത്തിൽ നിന്നും പുറത്തെടുത്തു.
അപകടത്തെ തുടർന്ന് നാട്ടുകാരും വഴിയാത്രക്കാരും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. സംഭവത്തിൽ മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
