കൊല്ലം: കടയ്ക്കൽ: അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പതിനാലുകാരൻ സ്വകാര്യ ബസ് ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണ് മരിച്ചു. കടയ്ക്കൽ മുകുന്നേരി പാലയ്ക്കൽ പുതുവിള പുത്തൻവീട്ടിൽ പരേതനായ സി. രാജുവിന്റെയും സിന്ധ്യ പി. നായരുടെയും മകൻ നവനീത് ആർ. എസ്. നായർ (14) ആണ് ദാരുണമായി മരണപ്പെട്ടത്.
മടത്തറ - കടയ്ക്കൽ റോഡിൽ പാങ്ങലുകാട് അമ്പാടി ജംഗ്ഷന് സമീപം ആയിരുന്നു അപകടം.
മുന്നിലുണ്ടായിരുന്ന വാഹനത്തെ സ്വകാര്യ ബസ് ഓവർട്ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്. ഇടിയുടെ ശക്തമായ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ നവനീതിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
