ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ പതിനാല് പേര്‍ക്ക് ദാരുണാന്ത്യം. ലഖ്‌നൗവിലെ അലിഗഞ്ച് മേഖലയിലുള്ള കെട്ടിടത്തിലായിരുന്നു തീപിടിത്തമുണ്ടായത്. നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. തീ വ്യാപിച്ചതോടെ പലരും കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് ചാടി. നിലവില്‍ തീ നിയന്ത്രണ വിധേയമാക്കി.
കോച്ചിംഗ് സെന്ററിന് പുറമേ പെറ്റ് ഷോപ്പും മറ്റ് സ്റ്റോറുകളും കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്നാം നിലയില്‍ നിന്ന് പലരും താഴേയ്ക്ക് ചാടിയതായി ദൃക്‌സാക്ഷി പറഞ്ഞു. ഏഴോളം വിദ്യാര്‍ത്ഥികള്‍ താഴേയ്ക്ക് ചാടിയതായി മറ്റൊരു ദൃക്‌സാക്ഷി പറഞ്ഞു. അതില്‍ ഒരാളുടെ എല്ലുകള്‍ക്ക് പൊട്ടല്‍ സംഭവിച്ചതായും ദൃക്‌സാക്ഷി പറഞ്ഞു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഒരാള്‍ വീഴുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സാരമായ പരിക്കുകളോടെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു മൂന്ന് നില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. ഏറ്റവും മുകളിലത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. തീ പടര്‍ന്ന ഉടന്‍ പൊലീസും അഗ്നിശമന വിഭാഗവും സ്ഥലത്തെത്തി. മണിക്കൂറുകൾ പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്
