പാലക്കാട്: പട്ടാമ്പി കൊപ്പത്ത് പോലീസ് കസ്റ്റഡിയിലെടുത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കുള്ളിൽ കിടന്നുറങ്ങിയ യാത്രക്കാരനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വളാഞ്ചേരി തിണ്ടലം മാവണ്ടിയൂർ വടക്കുമ്പ്രം വെളുത്തൂർതൊടി അബുവിന്റെ മകൻ അഷറഫ് (42) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം പുറത്തറിയുന്നത്. അപകടം നടക്കുമ്പോൾ അഷറഫിന്റെ സഹോദരൻ മുസ്തഫയും ഇതേ ഓട്ടോറിക്ഷയ്ക്കുള്ളിൽ കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയുടെ ഡ്രൈവറായ വളാഞ്ചേരി സ്വദേശി സുനിൽ മദ്യപിച്ച് വാഹനം ഓടിക്കുകയും അപകടം ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് കൊപ്പം പോലീസ് സ്ഥലത്തെത്തി ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തത്. ഈ ഓട്ടോറിക്ഷയിലെ യാത്രക്കാരായിരുന്നു മരിച്ച അഷ്റഫും സഹോദരൻ മുസ്തഫയും. വാഹനം പോലീസ് കസ്റ്റഡിയിലെടുത്ത് റോഡരികിൽ നിർത്തിയിട്ട സമയത്ത് ഇരുവരും ഓട്ടോയ്ക്കുള്ളിൽ തന്നെ കിടന്നുറങ്ങുകയായിരുന്നു. എന്നാൽ ചൊവ്വാഴ്ച പുലർച്ചെയോടെ അഷറഫിന് ചലനമില്ലാത്ത വിവരം ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.
കസ്റ്റഡിയിലെടുത്ത വാഹനത്തിൽ വെച്ച് യാത്രക്കാരൻ മരണപ്പെടാനുണ്ടായ സാഹചര്യം എന്താണെന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഷറഫിന്റെ മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും പോലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഒപ്പമുണ്ടായിരുന്ന സഹോദരൻ മുസ്തഫയിൽ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്
