പറവൂർ പെരുവാരം ക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു; നാടിനെ നടുക്കി ദുരന്തം





എറണാകുളം: പറവൂർ പെരുവാരം ക്ഷേത്രക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. ഏലൂർ മേത്താനം വടക്കുംഭാഗം തടത്തിപ്പറമ്പിൽ ലൈജു - രമ്യ ദമ്പതികളുടെ മകൻ ആദർശ് (15) ആണ് മരണപ്പെട്ടത്.


പെരുവാരത്തെ ടർഫിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ആദർശ്. കളി കഴിഞ്ഞതിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. കുളത്തിൽ മുങ്ങിത്താഴ്ന്ന ആദർശിനെ ഉടൻ തന്നെ കരയ്ക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


പാനായിക്കുളം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരണപ്പെട്ട ആദർശ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കളിമുറ്റത്തു നിന്നും പ്രിയകൂട്ടുകാരന്റെ വേർപാടിലേക്ക് കണ്ണീരോടെ നോക്കിനിൽക്കുകയാണ് സുഹൃത്തുക്കളും നാടും.

Post a Comment

Previous Post Next Post