കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി മൂന്നു പേർക്ക്ദാരുണാന്ത്യം. അഞ്ചുപേർക്ക് പരിക്ക് . ലോറി പൂർണമായും തകർന്ന നിലയിലാണ്. ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
മണ്ണ് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. ലോറി അമിത വേഗതയിലായിരുന്നു. ബൈക്കിൽ ഇടിച്ച് ടിപ്പർ മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷി മാധ്യമങ്ങളോടു പറഞ്ഞു. നിയന്ത്രണം വിട്ട ലോറി മതിലിലേക്ക് പാഞ്ഞുകയറി ഇടിച്ചു മറിയുകയായിരുന്നു. ലോറിയിൽ ഉണ്ടായിരുന്ന മണ്ണ് റോഡിലേക്ക് വീണ് അപകടത്തിൽപെട്ടവർ മണ്ണിന് അടിയിൽ കുടുങ്ങുകയായിരുന്നു.
കുടവട്ടൂര്‍ സ്വദേശി ഹരിലാല്‍ (54), കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പാര്‍ത്ഥിപ്, കെഎസ്ആർടിസി ജീവനക്കാരൻ അജയ്യൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ടിപ്പര്‍ ലോറി ഡ്രൈവര്‍ നിസാം (40), നവനീത് (13), റിഷാഫ് (15) കുശാല്‍, ഋഷഭ് ബോബന്‍ (15), നവനീത് (13), ജിബി മോള്‍ (15) എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലുണ്ട്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല.
വളവില്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിലയിരുത്തല്‍. ടിപ്പര്‍ ലോറി അമിത വേഗതയിലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ട്യൂഷന് പോകാന്‍ വേണ്ടി കാത്തിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. നിലവില്‍ അപകടം നടന്ന സ്ഥലത്ത് മണ്ണിനടിയില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് നിഗമനം
. പ്രദേശവാസികളും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മതിലിനോട് ചേർന്ന് ബസ് കാത്തുനിന്നവരാണ് അപകടത്തിൽ പെട്ടത്. ഏഴു കുട്ടികളും ഒരു മുതിർന്നയാളും അടക്കം എട്ടു പേരാണ് സ്റ്റോപ്പിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം.
