കൊച്ചി വരാപ്പുഴ: പോലീസിന്റെ സാന്നിധ്യത്തിൽ വരാപ്പുഴ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവ് മരിച്ചു. വരാപ്പുഴ തേവർകാട് ശ്രീരംഗത്ത് അനീഷ് (44) ആണ് മരിച്ചത്.
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അനീഷ്, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് മടങ്ങുകയായിരുന്നു. ഭാര്യയും അമ്മയ്ക്കുമൊപ്പം കാറിൽ വീട്ടിലേക്ക് പോകുന്നതിനിടെ വരാപ്പുഴ പാലത്തിൽ ഗതാഗത തടസ്സം (ബ്ലോക്ക്) അനുഭവപ്പെട്ടു. ഈ സമയം കാറിൽ നിന്നിറങ്ങിയ അനീഷ് പാലത്തിലൂടെ മുന്നോട്ട് നടന്നുപോവുകയായിരുന്നു.
കുറെ നേരമായിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് ഭാര്യ വരാപ്പുഴ പോലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് നടത്തിയ തിരച്ചിലിൽ അനീഷ് പാലത്തിന്റെ കൈവരിയിൽ ഇരിക്കുന്നത് കണ്ടെത്തി. പോലീസ് ഇദ്ദേഹത്തിന് അടുത്തേക്ക് എത്തിയ ഉടൻ തന്നെ അനീഷ് പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു.
