കൊച്ചി: റോഡിലെ അശാസ്ത്രീയമായ ഹംപിൽ തട്ടി ബൈക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട യുവാവ് ചികിത്സയിലിരിക്കെ മരണപ്പെട്ടു. എറണാകുളം എരൂർ വെസ്റ്റ് ചെറുകണ്ടത്തിൽ വേണുവിന്റെയും ലിജിയുടെയും മകൻ ലെവിൻ (20) ആണ് മരിച്ചത്.
പനങ്ങാട് പൊതുമരാമത്ത് റോഡിൽ മാടവന പള്ളി സ്റ്റോപ്പിനു സമീപമാണ് അപകടം നടന്നത്. ലെവിൻ സഞ്ചരിച്ചിരുന്ന ബൈക്ക് അശാസ്ത്രീയമായി നിർമ്മിച്ചിരുന്ന ഹംപിൽ തട്ടി നിയന്ത്രണം വിടുകയും, റോഡിലേക്ക് തലയിടിച്ചു വീഴുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ലെവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി വരികയായിരുന്നു. എന്നാൽ, ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ യുവാവ് മരണത്തിനു കീഴടങ്ങി.
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാനപ്പെട്ട റോഡുകളിൽ യാതൊരു മുന്നറിയിപ്പുമില്ലാതെയും, കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയും നിർമ്മിച്ചിരിക്കുന്ന ഹംപുകൾ വലിയ അപകടങ്ങൾക്കാണ് വഴിയൊരുക്കുന്നത്. ഇതിനു മുൻപും ഇത്തരം അശാസ്ത്രീയമായ ഹംപുകൾ കാരണം നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഇത്തരം നിർമ്മിതികൾ അനുവദിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ നടപടിക്കെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് സംസ്‌കാര ചടങ്ങുകൾ നടക്കും.
