മേപ്പാടി: മേപ്പാടി വിംസ് (WIMS) മെഡിക്കൽ കോളേജിന് സമീപം ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരാവസ്ഥയിൽ ചികിത്സയ്ക്കായി കൊണ്ടുപോയ രോഗി മരിച്ചു. ബത്തേരി പഴുപ്പത്തൂർ ചപ്പക്കൊല്ലി ഗോപാലൻ (71) ആണ് മരിച്ചത്.
വൈത്തിരി ഗവൺമെന്റ് ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് മറിയുകയും ചെയ്തു.
അപകടത്തിൽ ഗോപാലന്റെ ഭാര്യ മാധവി, ആംബുലൻസ് ഡ്രൈവർ ഷമീർ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ആംബുലൻസിന്റെ വശവും കാറിന്റെ മുൻഭാഗവും പൂർണ്ണമായും തകർന്നിട്ടുണ്ട്. സംഭവത്തിൽ മേപ്പാടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.
