തിരുവനന്തപുരത്ത് സ്‌കൂള്‍ ബസും KSRTC ബസും കൂട്ടിയിടിച്ചു; 26 കുട്ടികള്‍ക്ക് പരിക്ക്

 


തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണത്ത് സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം. സ്‌കൂള്‍ ബസിലുണ്ടായിരുന്ന 26 കുട്ടികള്‍ക്കും പരിക്കേറ്റു. കുന്നത്തുകാല്‍ യുപിഎസിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. നാല് കുട്ടികള്‍ക്ക് കൈകാലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട്.

മുഴുവന്‍ കുട്ടികളെയും കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. കാരക്കോണം ജംഗ്ഷനില്‍ വച്ചായിരുന്നു അപകടം. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് സ്‌കൂള്‍ പ്രസിഡന്റ് എസ് വിനോദ് ആരോപിക്കുന്നു.

അതേസമയം മറ്റൊരു സംഭവത്തില്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചർ ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികന്‍ മരിച്ചു. ചായ്‌ക്കോട്ടുകോണം സ്വദേശി അരുണ്‍ കൃഷ്ണനാണ് മരിച്ചത്. 26വയസായിരുന്നു. നിയന്ത്രണം വിട്ട ബസ് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് കാറിലിടിച്ച ശേഷം സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇടിച്ചാണ് ബസ് നിന്നത്.


പൊലീസും അഗ്നിരക്ഷാ സേനയുമെത്തിയാണ് കാര്‍ വെട്ടിപ്പൊളിച്ച് കുടുങ്ങിക്കിടന്ന അരുണിനെ പുറത്തെടുത്തത്. അരുണിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം


Post a Comment

Previous Post Next Post