ബെംഗളൂരുവിൽ ഒരു ഫ്ലാറ്റിനുള്ളിൽ ദമ്പതികളെയും അവരുടെ ഇളയ മകളെയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കുടുംബവഴക്കും കടബാധ്യതകളും കേന്ദ്രീകരിച്ച് ബംഗളൂരു പോലീസ് അന്വേഷണം ആരംഭിച്ചു. ബെംഗളൂരുവിലെ സീഗേഹള്ളിയിൽ ഒരു അപ്പാർട്ട്‌മെന്റിനുള്ളിലാണ് ഒരു കുടുംബത്തിലെ മൂന്ന് പേരെ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. പ്രതികൾക്കായി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. തിങ്കളാഴ്ച വൈകുന്നേരം 6 മണിക്കും 6.30 നും ഇടയിൽ കസ്തൂരിനഗർ മെയിൻ റോഡിന് സമീപമാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.
സോമസുന്ദർ (52), ഭാര്യ മുത്തുലക്ഷ്മി (48), ഇളയ മകൾ സുപ്രിയ (19) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയും കൊല്ലപ്പെട്ട ദമ്പതികളുടെ മൂത്ത മകളും കഴിഞ്ഞ രണ്ട് മാസമായി ഒന്നിച്ച് താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് അച്ഛനും അമ്മയും ഇളയ സഹോദരിയും എത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വൈറ്റ്ഫീൽഡ്) സൈദുലു അദാവത്ത് പറഞ്ഞു. ഇവിടെവെച്ച് വാക്കേറ്റമുണ്ടാകുകയും തുടർന്ന് മൂന്ന് പേരെയും ക്രൂരമായി കുത്തിക്കൊല്ലുകയുമായിരുന്നു എന്നാണ് സംശയിക്കുന്നത്. പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
