ഏറ്റുമാനൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; യാത്രക്കാരന് പരിക്ക്, അമിതവേഗത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം



ഏറ്റുമാനൂർ: ബസ് സ്റ്റാൻഡിൽ നിന്ന് അമിതവേഗത്തിൽ പുറപ്പെട്ട സ്വകാര്യ ബസ് മറ്റൊരു ബസിൽ ഇടിച്ചതിനെ തുടർന്ന് യാത്രക്കാരന് പരിക്കേറ്റു. അപകടത്തെ തുടർന്ന് എം.സി. റോഡിൽ ഗതാഗതം താൽക്കാലികമായി തടസ്സപ്പെടുകയും പ്രദേശത്ത് പ്രതിഷേധം ഉയരുകയും ചെയ്തു.

എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ജയൻ ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അതിരമ്പുഴ റൂട്ടിലേക്ക് തിരിയുകയായിരുന്ന ജാക്വിലിൻ ബസിന്റെ പിൻഭാഗത്ത് ഇടിച്ചത്. ഏറ്റുമാനൂർ ബസ് സ്റ്റാൻഡിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പുറപ്പെട്ട ജയൻ ബസ് അമിതവേഗത്തിൽ എത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്സാക്ഷികളും നാട്ടുകാരും പറയുന്നത്.

ശക്തമായ ഇടിയുടെ ആഘാതത്തിൽ ജയൻ ബസിന്റെ മുൻഭാഗവും ജാക്വിലിൻ ബസിന്റെ പിൻഭാഗവും തകർന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരന് പരിക്കേറ്റു. പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിന് പിന്നാലെ എം.സി. റോഡിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് ഗതാഗതം നിയന്ത്രിച്ച് വാഹനങ്ങൾ മാറ്റിയ ശേഷമാണ് സ്ഥിതി സാധാരണ നിലയിലായത്.

Post a Comment

Previous Post Next Post