കണ്ണൂരില്‍ കനത്ത കാറ്റും മഴയും: മരങ്ങള്‍ കടപുഴകി വീണു, ഒരാള്‍ക്ക്‌ പരുക്ക്, വൈദ്യുതി വിതരണം തടസ്സപ്പെട്ടു

 


കണ്ണൂർ: ജില്ലയിൽ തിങ്കളാഴ്‌ച രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്‌ടം. പാനൂർ മൊകേരി പാത്തിപ്പാലത്ത് നിരവധി മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് ഒരു സ്ത്രീക്ക് പരുക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.


രാവിലെ ഒൻപതോടെയുണ്ടായ ശക്തമായ കാറ്റിൽ റോഡരികിലെ മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ലൈനുകൾ തകരുകയും ചെയ്തു. ഇതോടെ പ്രദേശത്തെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു.


വളക്കൈ-കൊയ്യം റൂട്ടിൽ കൊയ്യം ഖാദിക്ക് സമീപം രാവിലെ ആറരയോടെ മരം റോഡിലേക്ക് വീണതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. പിന്നീട് നാട്ടുകാർ മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. മയ്യിൽ മേഖലയിലും കനത്ത മഴയെ തുടർന്ന് മരം വീണ് നിരവധി വൈദ്യുതി തൂണുകൾ തകർന്നു.


കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്. പലയിടങ്ങളിലും മരങ്ങൾ ഒടിഞ്ഞുവീഴുകയും വ്യാപകമായ കൃഷിനാശമുണ്ടാകുകയും ചെയ്തു. കാലാവസ്ഥാ മുന്നറിയിപ്പിന്റെ ഭാഗമായി കണ്ണൂർ, കാസർകോട് ജില്ലകളിൽ തിങ്കളാഴ്‌ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post