കൊല്ലം: ഹോട്ടൽ മുറിയിൽ ദമ്പതിമാർ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. സംഭവത്തിൽ ഭർത്താവ് മരണപ്പെട്ടു. ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആദിച്ചനല്ലൂർ സ്വദേശിയും നിലവിൽ ബംഗളൂരുവിൽ സ്ഥിരതാമസക്കാരനുമായ അനിൽ കുമാർ ആണ് മരിച്ചത്. ഭാര്യ ബീനയെ തിരുവനന്തപുരത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ജൂലൈ ഒന്നിനാണ് ദമ്പതിമാർ കൊല്ലം നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തത്. ഇന്ന് ഉച്ചയോടെ ഇവർ മുറി ഒഴിയേണ്ടതായിരുന്നു. എന്നാൽ, രാവിലെ മുതൽ ദമ്പതിമാരെ ആരെയും മുറിക്ക് പുറത്ത് കാണാതിരുന്നതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ അന്വേഷിക്കുകയായിരുന്നു.
പലതവണ വാതിലിൽ മുട്ടിയിട്ടും ഉള്ളിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് ജീവനക്കാർ വാതിൽ തകർത്ത് അകത്തുകയറി. ഈ സമയത്ത് അനിൽ കുമാർ മരിച്ച നിലയിലും ബീന അബോധാവസ്ഥയിലുമായിരുന്നു. ഉടൻ തന്നെ ഇരുവരെയും കൊല്ലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനിൽ കുമാറിന്റെ മരണം സ്ഥിരീകരിച്ചു. തുടർന്ന് ഗുരുതരാവസ്ഥയിലായ ബീനയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
