ബെംഗളൂരു: പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. കെങ്കേരി ജ്ഞാനഭാരതി മെട്രോ സ്റ്റേഷന് സമീപം ഇന്ന് രാവിലെ 6:45-ഓടെയായിരുന്നു അപകടം. ബസിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
യാത്രയുടെ അവസാന ഘട്ടമായതിനാൽ ബസിൽ കുറച്ചുപേർ മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രൈവർക്കും കണ്ടക്ടർക്കും പുറമെ രണ്ട് യാത്രക്കാർ മാത്രമാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ മുൻഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. വിവരം അറിഞ്ഞ ഉടൻ കെങ്കേരിയിൽ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.
