മലപ്പുറം: ഒതുക്കുങ്ങലിൽ തെരുവ് നായയുടെ അക്രമണം വ്യാപകമാകുന്നു. ശനിയാഴ്ച രാവിലെ വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ വീടിനുള്ളിൽ കയറി നായ കടിച്ചു. തൊടുകുത്തുപറമ്പ് സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്.
ബന്ധുവീട്ടിൽ വിവാഹ ആവശ്യത്തിനായി എത്തിയതായിരുന്നു കുടുംബം. ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിന്റെ മുഖത്തും ചെവിയിലും തലയിലും കൈയ്യിലും ഗുരുതരമായി പരിക്കേറ്റു. ആദ്യം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ, വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മറ്റ് മൂന്നുപേർക്കും കടിയേറ്റു:
കുഞ്ഞിനെ കൂടാതെ ഒതുക്കുങ്ങൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി മറ്റ് മൂന്നുപേർക്ക് കൂടി ഇന്ന് നായയുടെ കടിയേറ്റു.
മറ്റത്തൂരങ്ങാടി: മദ്രസയിലേക്ക് പോവുകയായിരുന്ന പുളിക്കൽ റിഷാദ് അലി.
മുസ്ലിയാരങ്ങാടി: നാരായണൻ.
മുനമ്പത്ത്: സൈനബ.
എല്ലാവരെയും ആക്രമിച്ചത് കറുത്ത നിറത്തിലുള്ള ഒരേ നായ തന്നെയാണെന്ന് വാർഡ് അംഗം സി.കെ. റഹൂഫ് സ്ഥിരീകരിച്ചു. പ്രദേശത്ത് നായയുടെ അക്രമണം തുടരുന്നത് നാട്ടുകാർക്കിടയിൽ വലിയ ആശങ്കയും ഭീതിയും പരത്തിയിരിക്കുകയാണ്. അടിയന്തരമായി തെരുവ് നായ നിയന്ത്രണ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
