കോലഞ്ചേരി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ കോലഞ്ചേരി കടമറ്റം പെരുവംമൂഴിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു. തൊടുപുഴ മടക്കത്താനം സ്വദേശി എസ്. രാഹുൽ (20) ആണ് മരിച്ചത്. വരിക്കോലി മുത്തൂറ്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയാണ് രാഹുൽ. സ്കൂട്ടറിലുണ്ടായിരുന്ന രാഹുലിന്റെ സുഹൃത്ത് ജൂലിയൻ ജോസഫ് (21) നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു അപകടം. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മുന്നിലുണ്ടായിരുന്ന കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കാറിൽ തട്ടുകയും നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിയുകയുമായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ രാഹുലിന്റെ തലയിലൂടെ എതിർദിശയിൽ നിന്ന് വന്ന ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ രാഹുൽ മരണപ്പെട്ടു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേർന്നാണ് തുടർനടപടികൾ സ്വീകരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
