തൃശൂർ: തടയണയിൽ വീണ മൊബൈൽ ഫോൺ എടുക്കാൻ ശ്രമിച്ച യുവാവ് വെള്ളത്തിൽ മുങ്ങിമരിച്ചു. പരിയാരം കുറ്റിക്കാട് ചങ്കൻകുറ്റി തടയണയിൽ ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. കൂർക്കമറ്റം സ്വദേശി 19 വയസ്സുള്ള ഷെറിൻ ആണ് മരിച്ചത്.
സംഭവസമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ മൊബൈൽ ഫോൺ അബദ്ധത്തിൽ തടയണയിലേക്ക് വീഴുകയായിരുന്നു. ഇത് എടുക്കാനായി വെള്ളത്തിലേക്ക് ഇറങ്ങിയ ഷെറിൻ പെട്ടെന്ന് മുങ്ങിപ്പോവുകയായിരുന്നു. സുഹൃത്തിന്റെ നിലവിളികേട്ട് അതുവഴി കടന്നുപോയ ബൈക്ക് യാത്രികർ ഓടിയെത്തി ഷെറിനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
