കണ്ണൂർ മട്ടന്നൂർ: കൂടാളി കുംഭത്ത് കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരിൽ ഒരാൾ കണ്ണൂർ സ്വദേശിയാണ്. ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് ഒരു ചടങ്ങിൽ പങ്കെടുക്കാൻ വരുന്നവർ സഞ്ചരിച്ച കാറാണ് ഇന്നലെ രാത്രി 11.20ന് മരത്തിലിടിച്ച് അപകടത്തിൽപ്പെട്ടത്.
വളപട്ടണം സ്വദേശി ഷാൻ സിറാജ്, ഇതര സംസ്ഥാനത്ത് നിന്നുള്ള റിസ് വാൻ, ഹർഷ്, പരം ഛേത്രി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ തൃശൂർ സ്വദേശി ആദിത്യ കൃഷ്ണദീപിനെ കണ്ണൂർ ചാല ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പരം ഛേത്രിയാണ് കാർ ഓടിച്ചിരുന്നത്. അപകടത്തിൽ പെട്ടവർ ബംഗളൂരുവിൽ ഒരുമിച്ച് ജോലി ചെയ്യുന്നവരാണ്.
മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങൾ ബേബി മെമ്മോറിയൽ ആശുപത്രിയിലും ഒരാളുടെ മൃതദേഹം ജില്ലാ ആശുപത്രിയിലുമാണുള്ളത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മട്ടന്നൂർ പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് കാർ വെട്ടിപൊളിച്ചാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
