കണ്ണൂർ:മമ്പറം കേളാലൂർ മഹാവിഷ്ണു ഗണപതി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചെന്നൈയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി കാർത്തിക് ആണ് മരിച്ചത്.
രാവിലെ 7 മണിയോടെയായിരുന്നു സംഭവം. കുളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. യുവാവ് മുങ്ങിത്താഴുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
കൂത്തുപറമ്പിൽ നിന്നെത്തിയ ഫയർഫോഴ്സ്, നാട്ടുകാർ, സിവിൽ ഡിഫൻസ് അംഗങ്ങൾ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഒരു മണിക്കൂറിനു ശേഷമാണ് മൃതദേഹം കണ്ടെടുത്തത്.
മമ്പറം ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂളിലെ റിട്ടയേർഡ് പ്രിൻസിപ്പൽ ഡോ. സി. വാസുവിന്റെ മകളുടെ (ഡോ. ധനലക്ഷ്മി) ഭർത്താവാണ് കാർത്തിക്. കുളത്തിന് സമീപത്തെ റോഡരികിൽ ഇദ്ദേഹത്തിന്റെ സ്കൂട്ടർ നിർത്തിയിട്ട നിലയിലുണ്ടായിരുന്നു.
പിണറായി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
