കൊയിലാണ്ടി: സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ജ്യേഷ്ഠന് കത്രിക കൊണ്ട് കുത്തേറ്റു. കുറുവങ്ങാട് സ്വദേശി അഫ്സീറിനാണ് (39) നെഞ്ചിൽ ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ കുറുവങ്ങാടാണ് സംഭവം നടന്നത്.
വീട്ടിൽ വെച്ചുണ്ടായ കുടുംബതർക്കത്തിനിടെ അനുജൻ കത്രികയെടുത്ത് അഫ്സീറിന്റെ നെഞ്ചിലേക്ക് കുത്തിയിറക്കുകയായിരുന്നു എന്നാണ് വിവരം. നെഞ്ചിൽ കത്രിക തറച്ച നിലയിൽ രക്തം വാർന്ന അഫ്സീറിനെ ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
പരിക്ക് സങ്കീർണ്ണമായതിനാലും അടിയന്തര ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുക്കേണ്ടതിനാലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അഫ്സീറിന്റെ നില നിലവിൽ ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
