മലപ്പുറം: ചേലേമ്പ്ര പാറയിൽ സ്വദേശിയായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറയിൽ പി.ടി. ഇസ്മായിലിന്റെ മകൻ റമീസ് (30) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് റമീസിന്റെ രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് യുവാക്കൾ ചേർന്ന് റമീസിനെ കോമരപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പുല്ലിപ്പറമ്പ്, പാറയിൽ സ്വദേശികളായ യുവാക്കളാണ് റമീസിനെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് പ്രാഥമിക വിവരം.
ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ റമീസ് മരിച്ചിരുന്നതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. മരണത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ്, റമീസിനെ ആശുപത്രിയിൽ എത്തിച്ച സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.
മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. ആശുപത്രിയിൽ എത്തിക്കുന്നതിന് തൊട്ടുമുമ്പ് നടന്ന സംഭവങ്ങളെക്കുറിച്ചും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
