തൃശ്ശൂർ ചാവക്കാട്: ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് ഗർഭിണിയായ കോളജ് വിദ്യാർഥിനി റോഡിലേക്ക് തെറിച്ചുവീണു. ചാവക്കാട് തെക്കേബൈപ്പാസ് വളവിൽ ഇന്ന് രാവിലെയാണ് സംഭവം. മൂന്നുമാസം ഗർഭിണിയായ തെക്കഞ്ചേരി സ്വദേശി ഫാത്തിമയ്ക്കാണ് (21) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.
കോളജിലേക്ക് പോകുന്നതിനായി പാലയൂർ ബസിൽ യാത്ര ചെയ്യുന്നതിനിടെ വളവ് തിരിയുന്ന സമയത്താണ് ഫാത്തിമ പുറത്തേക്ക് തെറിച്ചുവീണത്. പരിക്കേറ്റ വിദ്യാർഥിനിയെ ഉടൻ തന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവസമയത്ത് റോഡിൽ മറ്റ് വാഹനങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്. ബസിന്റെ വാതിലിലൂടെ തെറിച്ചുവീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
