കോഴിക്കോട്: വടകര ഇരിങ്ങലിൽ മെമു ട്രെയിനിൽ നിന്ന് വീണ് മലപ്പുറം മക്കരപ്പറമ്പ് ചോല, വടക്കാങ്കര സ്വദേശി നിഷാദ് അലി (41) ആണ് മരണപ്പെട്ടത്. തിരിച്ചറിയുന്നതിനും ബന്ധുക്കളെ കണ്ടെത്തുന്നതിനും നിർണായക സഹായം നൽകി സന്നദ്ധപ്രവർത്തകൻ. കുറ്റ്യാടി സ്വദേശിയും സ്വാന്തനം എമർജൻസി ടീം വോളന്റിയറുമായ സുഹൈബിന്റെ സമയോചിതമായ ഇടപെടലാണ് മൃതദേഹം വേഗത്തിൽ തിരിച്ചറിയാൻ സഹായകമായത്.
മക്കരപ്പറമ്പ് സ്വദേശി മുഹമ്മദ് അബ്ദുറഹിമാന്റെ മകനാണ് മരിച്ച നിഷാദ് അലി. അപകടവിവരം ശ്രദ്ധയിൽപ്പെട്ടതോടെ സ്വന്തം യാത്ര തുടരാതെ ട്രെയിനിൽ നിന്നിറങ്ങിയ സുഹൈബ്, നിശ്ചയിച്ചിരുന്ന ബിസിനസ് യാത്ര പോലും മാറ്റിവെച്ചാണ് തുടർനടപടികൾക്ക് നേതൃത്വം നൽകിയത്. നിഷാദ് അലിയുടെ കൈവശമുണ്ടായിരുന്ന ഡ്രൈവിംഗ് ലൈസൻസിലെ വിലാസം പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്.
തുടർന്ന് സുഹൈബ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആക്സിഡന്റ് റെസ്ക്യൂ 24×7 ടീം ഇടപെടുകയും മരണപ്പെട്ടയാളുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് വിവരം അറിയിക്കുകയും ചെയ്തു. സ്വന്തം തിരക്കുകളും യാത്രയും മാറ്റിവെച്ച് അപരിചിതനായ വ്യക്തിയുടെ തിരിച്ചറിയലിനും കുടുംബത്തെ വിവരമറിയിക്കുന്നതിനും മുന്നിട്ടിറങ്ങിയ സുഹൈബിന്റെ സന്നദ്ധസേവനം നാടിന് മാതൃകയായിരിക്കുകയാണ്.
