പാലക്കാട്: മീൻവല്ലം വെള്ളച്ചാട്ടത്തിന് സമീപമുള്ള തുപ്പനാട് പുഴയിലെ ഇരുട്ടുകുഴി ഭാഗത്ത് ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മുങ്ങിമരിച്ചു. പാലക്കാട് ചന്ദ്രനഗർ സ്വദേശി സുബൈറിന്റെ മകൻ ഇസ (18) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അപകടം.
സഹപാഠികളായ രണ്ടുപേർക്കൊപ്പം മീൻവല്ലം വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു ഇസ. സന്ദർശനത്തിനിടെ ഇസ പുഴയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ ഉടൻതന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല.
വിവരമറിഞ്ഞ് കല്ലടിക്കോട് പോലീസും കോങ്ങാട് നിന്ന് അഗ്നിശമന സേനയും സ്ഥലത്തെത്തി രാത്രി വൈകിയും തിരച്ചിൽ തുടർന്നു. നാളെ രാവിലെ സ്കൂബ ഡൈവിംഗ് സംഘമെത്തി തിരച്ചിൽ പുനരാരംഭിക്കാൻ ഇരിക്കെ, നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം തുടർനടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
