കോഴിക്കോട്: മേപ്പയ്യൂർ നരക്കോട് സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തിൽ പ്ലസ് വൺ വിദ്യാർഥി മരിച്ചു. ഇരിങ്ങത്ത് കുളങ്ങരയിലെ കൃഷ്ണനിലയത്തിൽ അജൽ പ്രവീൺ (16) ആണ് മരിച്ചത്. അപകടത്തിൽ മറ്റ് രണ്ടുപേർക്കും പരിക്കേറ്റു.
ഇന്നലെ രാത്രി 9.30ഓടെ നരക്കോട്–ഇരിങ്ങത്ത് റോഡിലായിരുന്നു അപകടം. ജിമ്മിലെ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടിയതോടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മതിലിൽ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അജലിനെ ഉടൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് രണ്ടുപേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മരണപ്പെട്ട അജലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരത്തോടെ വീട്ടിലെത്തിക്കും. പ്രവീൺ കുമാറിന്റെയും മഞ്ജുഷയുടെയും മകനാണ് അജൽ. അർജുൻ പ്രവീൺ സഹോദരനാണ്.
