കോഴിക്കോട്: കൊയിലാണ്ടി നന്തി മേൽപ്പാലത്തിൽ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. നാരങ്ങോളിക്കുളം സ്വദേശി മുത്താച്ചികണ്ടി ഷിഹാബ് (27) ആണ് മരിച്ചത്.
ഒക്ടോബർ 26-ന് രാത്രി 10.30ഓടെയായിരുന്നു അപകടം. കൊയിലാണ്ടിയിൽനിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ഷിഹാബും മനൂഫും സഞ്ചരിച്ച ബൈക്കിൽ എതിർദിശയിൽനിന്ന് മറ്റൊരു വാഹനത്തെ മറികടന്നെത്തിയ വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിനുശേഷം വാഹനം നിർത്താതെ കടന്നുപോയി.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിഹാബിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു. അപകടത്തിൽ മനൂഫിനും പരിക്കേറ്റിരുന്നു.
അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താൻ കൊയിലാണ്ടി പോലീസ് അന്വേഷണം തുടരുകയാണ്. പരേതനായ ഉസ്മാനാണ് ഷിഹാബിന്റെ പിതാവ്.
