കുന്നമംഗലത്ത് നിർത്തിയിട്ട വാഹനങ്ങളിലേക്ക് കണ്ടെയ്നർ ലോറി ഇടിച്ചുകയറി; കാർ ഡ്രൈവർക്ക് പരിക്ക്



​കുന്നമംഗലം: കോഴിക്കോട്–താമരശ്ശേരി റോഡിൽ കുന്നമംഗലം എച്ച്.പി. പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി ഇടിച്ചുകയറി അപകടം. അപകടത്തിൽ കാർ ഡ്രൈവറായ കുന്നമംഗലം എം.എൽ.എ. റോഡ് സ്വദേശി ഹാരിസിന് പരിക്കേറ്റു. ഇദ്ദേഹത്തെ വെള്ളിമാടുകുന്ന് നിർമ്മല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

​വ്യാഴാഴ്ചയായിരുന്നു സംഭവം. റോഡരികിൽ നിർത്തിയിട്ടിരുന്ന നീല ബലേനോ കാറിലും (KL 59 X 4244), ഓട്ടോറിക്ഷയിലുമാണ് (KL 10 AW 4526) ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബലേനോ കാറിന്റെ പിൻഭാഗവും വശങ്ങളും തകർന്നു.

​ലോറിയിടിച്ചതിനെ തുടർന്ന് തെറിച്ചുപോയ ഓട്ടോറിക്ഷ സമീപത്തെ വൈദ്യുതത്തൂണിൽ ഇടിച്ചാണ് നിന്നത്. ഓട്ടോറിക്ഷ പൂർണമായും തകർന്ന നിലയിലാണ്. അപകടസമയത്ത് ഓട്ടോറിക്ഷയിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

​സംഭവത്തെ തുടർന്ന് പോലീസും പ്രാദേശിക രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post