കണ്ണൂർ: പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിലെ കടാംകുന്നിൽ റബർ തോട്ടത്തിൽ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വാഹന ഗതാഗതമില്ലാത്ത വിജനമായ കുന്നിൻ മുകളിലെ റബർ തോട്ടത്തിൽ കാട് തെളിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.
പൂർണ്ണമായും അഴുകിയ നിലയിലുള്ള മൃതദേഹത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പെരിങ്ങോം പൊലീസ് പ്രാഥമിക പരിശോധന നടത്തി. ഫോറൻസിക്, വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പെരിങ്ങോം പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചു.
