കെ.എസ്.ആര്‍.ടി.സി കടയിലേക്ക് പാഞ്ഞുകയറി; അഞ്ചുപേര്‍ക്ക് പരിക്ക്



കോഴിക്കോട്ഫറോക്ക്: ദേശീയപാതയില്‍ ചെറുവണ്ണൂര്‍ ജങ്ഷന് സമീപം അമിത വേഗതയിലെത്തിയ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് ഓട്ടോകളിലും ഇരുചക്രവാഹനങ്ങളിലും ഇടിച്ച്‌ കടയിലേക്ക് പാഞ്ഞുകയറി അഞ്ചുപേര്‍ക്ക് പരിക്ക്.

വ്യാഴാഴ്ച രാവിലെ 9.40 നാണ് അപകടം. 


ഓട്ടോ യാത്രക്കാരി അരീക്കാട് ദേവദാസ് സ്കൂളിലെ അധ്യാപിക ചെറുവണ്ണൂര്‍ സ്വദേശി സുഹറാബി (49), ബൈക്ക് യാത്രികരായ ചെറുവണ്ണൂര്‍ പോസ്റ്റ് ഓഫിസ് ജീവനക്കാരി ഉഷ (52 ), മകന്‍ അമല്‍രാജ് (28 ), അരക്കിണര്‍ സ്വദേശി ഫിജാസ് ( 24), ചെറുവണ്ണൂര്‍ പനയതട്ട് സ്വദേശി സുരേഷ് ബാബു ( 57 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്.


കെ.എസ്.ആര്‍.ടി.സി ബസ് ഗുഡ്സ് ഓട്ടോയിലും പാസഞ്ചര്‍ ഓട്ടോയിലും മൂന്ന് ഇരുചക്രവാഹനങ്ങളിലും ഇടിച്ചാണ് കടയിലേക്ക് കയറിയത്. ബസിനടിയില്‍പ്പെട്ട ബൈക്ക് യാത്രികരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. പൈനാപ്പിള്‍ കയറ്റി വന്ന ഗുഡ്സ് ഓട്ടോ ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് മറിഞ്ഞു.

പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ബസുകളെയും മറ്റു വാഹനങ്ങളെയും മറികടക്കാനുള്ള ശ്രമമാണ് അപകടത്തിലേക്കെത്തിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മുഴുസമയവും തിരക്കുള്ള ചെറുവണ്ണൂര്‍ ജങ്ഷനിലേക്ക് ദിശമാറി അമിത വേഗതയില്‍ എത്തിയതാണ് അപകടത്തിനിടയാക്കിയത്. 


ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ട്രാഫിക് പൊലീസും നല്ലളം പൊലീസും സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Post a Comment

Previous Post Next Post