എറണാകുളം
തൃപ്പൂണിത്തുറ: മേക്കരയില്‍ ബൈക്ക് മറ്റൊരു ബൈക്കില്‍ ഉരസി നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു.
ഇന്ന് രാവിലെ 11.15ന് മാര്‍ക്കറ്റ് റോഡില്‍ മേക്കര ഭാഗത്ത് വെച്ചായിരുന്നു അപകടം. ബൈക്കില്‍ അമിത വേഗതയില്‍ പോയ അമല്‍ എതിരെ വന്ന മറ്റൊരു ബൈക്കിന്‍റെ ഹാന്‍ഡിലില്‍ ഉരസി നിയന്ത്രണം വിട്ട് റോഡില്‍ തലയിടിച്ച് വീഴുകയും സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിനടിയിലേക്ക് തെന്നി ഇടിച്ചു കയറുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അമല്‍കൃഷ്ണ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
അപകടത്തില്‍ പെട്ട മറ്റേ ബൈക്കില്‍ സഞ്ചരിച്ചിരുന്നവര്‍ക്ക് നിസാര പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാര്‍ അപകടത്തില്‍പെട്ടവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. മരിച്ച അമല്‍കൃഷ്ണ പുത്തന്‍കാവ് സ്വാമി ശാശ്വതീകാനന്ദ കോളജില്‍ ഡിഗ്രി വിദ്യാര്‍ഥിയാണ്. കൂട്ടുകാരന്‍റെ ബൈക്കുമായി പോകുന്ന വഴിയാണ് ദാരുണ അപകടം. പിതാവ് ലക്ഷമണന്‍ കൊല്ലം സി.ഇ.പി.സി.ഐയിലെ (സെപ്സി) റിട്ടയേര്‍ഡ് ജീവനക്കാരനാണ്. ഏക മകനാണ് മരിച്ച അമല്‍കൃഷ്ണ. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.