കൊല്ലം
ചാത്തന്നൂര്‍: കൂട്ടുകാരൊടൊപ്പം കടലിലിറങ്ങിയ കുട്ടികളില്‍ ഒരാള്‍ തിരയില്‍പ്പെട്ടു മരിച്ചു.
പഴയാറ്റിന്‍കുഴി കയ്യാലക്കല്‍ സക്കീര്‍ ഹുസൈന് നഗര്‍ 19 തൊടിയില്‍ പുരയിടത്തില്‍ സനോഫറിന്റേയും ഷാഹിദയുടെയും ഏക മകന് മുഹമ്മദ് ഷാന്‍ (ഷാ മോന് -16) ആണ് മരിച്ചത്.
തട്ടാമലയിലുള്ള ഇരവിപുരം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ താന്നിയിലായിരുന്നു സംഭവം. ആറു സുഹൃത്തുക്കള്‍ക്കൊപ്പം താന്നിയിലെത്തിയ മുഹമ്മദ് ഷാനും സംഘത്തിലുണ്ടായിരുന്ന രണ്ടു പേരും കടലില്ഇറങ്ങുകയായിരുന്നു. ഇവരില്‍ മുഹമ്മദ്ഷാന്‍ തിരയില്‍പ്പെടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മുഹമ്മദ് ഷാനെ കണ്ടെത്തി പോലീസ് വാഹനത്തില്‍ കൊല്ലത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഇരവിപുരം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
.jpeg)