തൃശൂർ: കയ്പമംഗലം ബോർഡിനു സമീപം ദേശീയപാതയിൽ ബൈക്കപകടത്തിൽ ഒരു മരണം. കാട്ടൂർ പടവലപറമ്പിൽ റംസീനയാണ് (19) മരിച്ചത്. എംഐസി വഫിയ കോളജിലെ ബിരുദ വിദ്യാർഥിനിയാണ് റംസീന. മതിലകം പുന്നക്ക ബസാർ സ്വദേശി ഓത്തുപള്ളിപറമ്പിൽ ഹർഷാദിനാണ് പരുക്കേറ്റത്. ചാറ്റൽമഴയിൽ തെന്നി നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു.
ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്ത റംസീന തലയിടിച്ച് റോഡില്‍ വീണു. തലയ്ക്ക് ഗുരുതര പരുക്കേറ്റ റംസീനയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. ബൈക്കോടിച്ച സുഹൃത്ത് ഹർഷാദ് നേരത്തെ ആംബുലൻസ് ഡ്രൈവർ ആയിരുന്നു. ഗുരുതരമായി പരുക്കേറ്റ ഹർഷാദ് കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്ക് തെന്നിവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. സമീപ കെട്ടിടത്തിലെ സിസിടിവി ക്യാമറയിലാണ് അപകടം പതിഞ്ഞത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. ചളിങ്ങാട് ശിഹാബ് തങ്ങൾ ആംബുലൻസ്, കൊപ്രക്കളം ഐഎസ്എം ആംബുലൻസ് പ്രവർത്തകരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.