കാറും ആഡംബര ബൈക്കും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെ യൂവാവും മരണപ്പെട്ടു

 


കോട്ടയം: ഇന്നോവ കാറും ആഡംബര ബൈക്കും ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന യുവാവ് മരിച്ചു.

ഇതോടെ മരണം രണ്ടായി. അപകട സ്ഥലത്ത് വെച്ച്‌ തന്നെ ആദ്യം ഒരാള്‍ മരണപ്പെട്ടിരുന്നു. ബൈക്കില്‍ വന്ന മണിമല പൊന്തന്‍പുഴ ചാരുവേലി സ്വദേശി ചേനപ്പാടിയില്‍ താമസിക്കുന്ന പാക്കാനം വീട്ടില്‍ ശ്യാം സന്തോഷ്‌ (29), സുഹൃത്ത് രാഹുല്‍ സുരേന്ദ്രന്‍ എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാത്രി 8:45ഓടെ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസിന് സമീപം പെട്രോള്‍ ബങ്കിന് മുമ്ബില്‍ വെച്ചാണ് അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് റാന്നി നിലയ്ക്കല്‍ ഭദ്രാസനം മെത്രാപ്പൊലീത്ത മാര്‍ ജോഷ്വാ സഞ്ചരിച്ച ഇന്നോവ ക്രിസ്റ്റോ കാറിലാണ് ഇടിച്ചത്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്ന് ചിന്നഭിന്നമായി പാര്‍ട്സുകള്‍ റോഡില്‍ ചിതറിയ നിലയിലായിരുന്നു. കാറില്‍ സഞ്ചരിച്ചവര്‍ക്ക് കാര്യമായ പരിക്കുകളില്ല.

പീരുമേട്ടില്‍ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു മെത്രാപ്പൊലീത്ത. ബൈക്ക് യാത്രികര്‍ വാഹനത്തിന്റെ സിസി അടച്ച ശേഷം മടങ്ങുകയായിരുന്നു. മരണപ്പെട്ട ഇരുവരും കല്പണിക്കാരായ യുവാക്കളാണ്. അപകടം അറിഞ്ഞ് എത്തിയ നാട്ടുകാര്‍ ആണ് എരുമേലി സര്‍ക്കാര്‍ ആശുപത്രിയിലെ ആംബുലന്‍സ് വിളിച്ചു വരുത്തി യുവാക്കളെ ആശുപത്രിയില്‍ എത്തിച്ചത്.

സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ച ശ്യാം സന്തോഷിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പരിക്കേറ്റ രാഹുല്‍ സുരേന്ദ്രനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Post a Comment

Previous Post Next Post