തൊടുപുഴ: ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ക്ക് സാരമായി പരുക്കേറ്റു. ആംബുലന്‍സ് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ വ്യക്‌തമായതിനെത്തുടര്‍ന്ന് ഇയാളുടെ പേരില്‍ കേസെടുത്തു.
കാഞ്ഞിരമറ്റം കണ്ണിപ്പള്ളില്‍ യേശുദാസിന്റെ(53) പേരിലാണ് പോലീസ് കേസെടുത്തത്. അപകടത്തില്‍ ഓട്ടോഡ്രൈവര്‍ ഇടവെട്ടി മലയില്‍ അഷ്‌റഫിനാണു പരുക്കേറ്റത്. ഇയാളെ ഏഴല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ ഇടവെട്ടി വലിയജാരത്താണ് സംഭവം.
കലയന്താനിയില്‍ രോഗിയെ ഇറക്കിയശേഷം തിരികെ വന്ന ആംബുലന്‍സാണ് ഓട്ടോയില്‍ ഇടിച്ചത്. ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന സംശയത്തെത്തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തൊടുപുഴ പോലീസ് എത്തി ഇയാളെ കസ്‌റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്‌ക്കു വിധേയനാക്കിയപ്പോഴാണ് മദ്യപിച്ചിരുന്നതായി വ്യക്‌തമായത്. മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹമോടിച്ചതിനാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.