കോഴിക്കോട് രാമനാട്ടുകര: ദേശീയ പാതയില്‍ രാമനാട്ടുകര ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ സ്വകാര്യ ബസ്സിടിച്ച് ബൈക്കില്‍ മകനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ മരിച്ചു.ഫാറൂഖ് കോളജ് പരുത്തിപ്പാറ ചൂരക്കാട്ടില്‍ സി.പി
ഗോപാലന്റെ ഭാര്യ സൗമിനി (62) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് ആറരക്ക് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ കയറുന്ന ഭാഗത്താണ് അപകടമുണ്ടായത്. കോഴിക്കോട് നിന്നും പാലക്കാടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് അതെ ദിശയില്‍ തന്നെ വരികയായിരുന്ന ബൈക്കിനെ ഇടിക്കുകയായിരുന്നു. ബസ് സ്റ്റാന്‍ഡിലേക്ക് അതിവേഗത്തില്‍ കയറാന്‍ ശ്രമിക്കവെയാണ് അപകടമുണ്ടായത്.അപകടത്തില്‍ പെട്ട ബൈക്കും വീട്ടമ്മയും ബസിന്റെ ചക്രത്തിന്റെ അടിയിലായിരുന്നു ബസ് പിന്നോട്ടെടുത്താണ് ഇവരെ പുറത്തെടുത്തത്.
സൗമിനിയുടെ മക്കള്‍:ശ്രീജിത്ത്,വിജിത്ത്. മരുമക്കള്‍: ബബിത, സജിത. കഴിഞ്ഞ വര്‍ഷം ഇതേ സ്ഥലത്ത് തന്നെ സമാന രീതിയില്‍ ഉണ്ടായ അപകടത്തില്‍ കാല് നടയാത്രക്കാരന് മരിച്ചിരുന്നു.ഈ സ്ഥലത്ത് ദേശീയപാതയില്‍ ഉള്ള അനധികൃത പാര്‍ക്കിങ്ങും ബസുകളുടെ അമിതവേഗതയും പലപ്പോഴും അപകടങ്ങള്‍ക്കു കാരണമാകാറുണ്ട്.ഇവിടെയുള്ള കാമറകളും പ്രവര്‍ത്തിക്കാതായിട്ട് മാസങ്ങളായതായും പരാതിയുണ്ട്.
