നിയന്ത്രണംവിട്ട കാര്‍ പാതയരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി വീട് ഭാഗികമായി തകര്‍ന്നു.എസ് ഐ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്ക്



അടൂര്‍: കായംകുളം -പത്തനാപുരം സംസ്ഥാന പാതയില്‍ നിയന്ത്രണംവിട്ട കാര്‍ പാതയരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി വീട് ഭാഗികമായി തകര്‍ന്നു.

കാര്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു.കൂടല്‍ എസ്.ഐ രജിത് കുമാര്‍ (50), ബന്ധുക്കളായ അല്‍ക്ക (60), പൊടിയമ്മ (80) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

രജിത് കുമാറിനെയും അല്‍ക്കയെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പൊടിയമ്മയെ അടൂര്‍ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഞായറാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം. മരുതിമൂട് ചക്കാലപ്പടിയില്‍ സെന്‍റ് മേരീസ് കത്തോലിക്ക പള്ളിക്കു സമീപം തെങ്ങും തറയില്‍ ഏലിയാമ്മ തോമസിന്‍റെ വീട്ടിലേക്കാണ് മാരുതി കാര്‍ ഇടിച്ചു കയറിയത്.

അടൂരില്‍നിന്ന് കൂടലിലേക്ക് പോകുകയായിരുന്ന കാര്‍ പാതയുടെ വലതു വശത്തേക്കു കയറി വൈദ്യുതി തൂണിന്‍റെയും പള്ളിയുടെ ചുറ്റുമതിലിനുമിടയിലൂടെ പാതയരികിലെ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ വീടിന്റെ ഭിത്തികളും മേല്‍ക്കൂരയും തകര്‍ന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

Post a Comment

Previous Post Next Post