മമ്പാട് സ്വകാര്യ ബസ്സുകൾ കൂട്ടി ഇടിച്ച് 65ഓളം പേർക്ക് പരിക്ക്



മലപ്പുറം മമ്പാട്  ടാണയിൽ   ജംഗ്ഷന് സമീപം സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ 65 ഓളം പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അഞ്ച് പേരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മമ്ബാട് തോട്ടിന്റക്കര സ്വദേശി ഷംസുദ്ധീന്‍ ( 32 )നെയാണ് കോഴിക്കോട് മെഡിക്കല്‍ ആശുപത്രിലേക്ക് മാറ്റിയത്. വെള്ളിയാഴ്ച വൈകുന്നേരം 5.45 ഓടെയാണ് അപകടം സംഭവിച്ചത്.


കോഴിക്കോട് ഭാഗത്തു നിന്നും വഴിക്കടവിലേക്ക് പോകുകയായിരുന്ന ക്ലാസിക്ക് ബസും മുണ്ടേരിയില്‍ നന്നും മഞ്ചേരിയിലേക്ക് പോകുകയായിരുന്ന കോബ്ര ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരു ബസുകളുടെയും മുന്‍ ഭാഗം തകര്‍ന്നു. അപകടം സംഭവിച്ച ഉടന്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ പരിക്കേറ്റവരെ ദ്രുതഗതിയില്‍ നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കാനായി. നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനമാണ് അപകടത്തിന്‍റെ വ്യാപ്തി കുറച്ചത്.


കിട്ടിയ സ്വകാര്യ വാഹനങ്ങളിലും ടാക്സികളിലുമാണ് പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എല്ലിനും മറ്റും സാരമായി പരിക്കേറ്റവരെയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് - നിലമ്ബൂര്‍ - ഗൂഡല്ലൂര്‍ റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ തന്നെ ടാണ ജംഗ്ഷനില്‍ നിന്ന് ചെറിയ റോഡ് വഴി സ്പ്രിംഗ്സ് സ്‌ക്കൂള്‍ വരെ വാഹനങ്ങള്‍ തിരിച്ചുവിട്ടു. അപകടത്തില്‍പെട്ട ബസുകള്‍ ഏറെ ശ്രമഫലമായാണ് വേര്‍പ്പെടുത്തിയത്. കൂട്ടിയിടിച്ച്‌ റോഡരികിലേക്ക് ഇറങ്ങിയ കോബ്ര ബസ് ജെ സി ബി ഉപയോഗിച്ച്‌ മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. ബസുകള്‍ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Post a Comment

Previous Post Next Post