ട്രെയിനില്‍നിന്നും ഇറങ്ങുന്നതിനിടെ കാല്‍ വഴുതി മുഖമിടിച്ച്‌ വീണു; പ്ലാറ്റ്‌ഫോമിനും ബോഗിക്കും ഇടയില്‍ കുടുങ്ങിയ യുവതിയെ രക്ഷിച്ച്‌ കോളജ് വിദ്യാര്‍ഥി

 കൊല്ലം: ട്രെയിനില്‍നിന്നും ഇറങ്ങുന്നതിനിടെ കാല്‍ വഴുതി പ്ലാറ്റ്‌ഫോമില്‍ വീണ യുവതിയെ ഒരു നിമിഷം പോലും പാഴാക്കാതെ കോളജ് വിദ്യാര്‍ഥി ജീവിതത്തിലേക്ക് വലിച്ച്‌ കയറ്റി.

മയ്യനാട് ഒന്നാം നമ്ബര്‍ പ്ലാറ്റ്‌ഫോമിലായിരുന്നു മറ്റു യാത്രക്കാരെ ഞെട്ടിപ്പിച്ച സംഭവം. മയ്യനാട് പാലവിളയില്‍ സുരഭി(35)യ്ക്കാണ് പരുക്കേറ്റത്. മുഖത്തും കാലിനും മുറിവേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 


രാവിലെ 8.30നാണ് സംഭവം. ഏറെ നാളായി കുടുംബമായി മധുരയില്‍ താമസിക്കുന്ന സുരഭി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ റിഥിക്കുമായി മയ്യനാട്ടെ വീട്ടിലേക്ക് വിജയദശമി അവധിക്ക് വരുകയായിരുന്നു. കൈവശമുണ്ടായിരുന്ന ട്രോളി ബാഗുമായി പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങവെ ട്രെയിന്‍ മുന്നോട്ടെടുത്തു. ഒരു മിനിറ്റായിരുന്നു ട്രെയിന്‍ നിര്‍ത്തിയത്. ഇറങ്ങാന്‍ താമസിച്ചതാണ് അപകട കാരണം.


ഇറങ്ങുന്നതിനിടെ സുരഭിയുടെ കാല്‍ പ്ലാറ്റ്‌ഫോമിനും ബോഗിക്കും ഇടയില്‍പെട്ടതോടെ പ്ലാറ്റ്‌ഫോമിലേക്ക് മുഖമിടിച്ച്‌ ഇവര്‍ വീണു. ഇതുകണ്ട കോളജ് വിദ്യാര്‍ഥി സുരഭിയെ ഉടന്‍ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചിട്ടു. ബോധം നഷ്ടപ്പെട്ട സുരഭിയെ യാത്രക്കാര്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മേവറത്തെ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 


ഈ സമയം റിഥിക് ട്രെയിനില്‍ ആയിരുന്നു. ട്രെയിനില്‍നിന്ന റിഥിക് ടിടിഇയെ വിവരം അറിയിച്ചു. കൊല്ലത്ത് എത്തിയ ട്രെയിനില്‍നിന്നും റെയില്‍വേ പൊലീസെത്തി കുട്ടിയെ സ്റ്റേഷനിലേക്ക് മാറ്റി. സുരഭിയുടെ മാതാവിന്റെ സഹോദരന്‍ കൊല്ലത്തെത്തി റിഥിക്കിനെയുമായി അമ്മയെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ എത്തിച്ചു.

അപകടം നടന്ന മയ്യനാട് റെയില്‍വേ സ്റ്റേഷനില്‍ സുരഭിയുടെ ഫോണും ബാഗും സൂക്ഷിച്ചിരുന്നു. ഫോണിലേക്ക് സുരഭിയുടെ അമ്മ ഉടന്‍ തന്നെ വിളിച്ചതിനാലാണ് വീട്ടുകാരെയും മധുരയിലുള്ള ഭര്‍ത്താവിനെയും വിവരം അറിയിക്കാന്‍ സാധിച്ചത്.

Post a Comment

Previous Post Next Post