പത്തനംതിട്ട : ഓമല്ലൂരില്‍ ടിപ്പര്‍ ഇടിച്ച് സ്കൂട്ടറില്‍ അമ്മക്കൊപ്പം സഞ്ചരിച്ച യുവതി മരിച്ചു. ഓമല്ലൂര്‍ സ്വദേശി സജിത ( 43 ) ആണ് ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തിന് മുന്നിലെ റോഡില്‍ പകല്‍ 11 മണിയോടെ ഉണ്ടായ അപകടത്തില്‍ മരിച്ചത്.
ടിപ്പറിനടിയില്‍ പെട്ട സ്കൂട്ടറില്‍ നിന്ന് തെറിച്ച് വീണ യുവതിയുടെ ശരീരത്തു കൂടി ടിപ്പര്‍ കയറി ഇറങ്ങുകയായിരുന്നു. ഓമല്ലൂര്‍ ക്ഷേത്രത്തിലെ ഉത്രം സദ്യയുടെ ഭാഗമായി ഈ റോഡില്‍ രാവിലെ മുതല്‍ അനിയന്ത്രിതമായ തിരക്കായിരുന്നു.
സ്കൂട്ടര്‍ അടിയില്‍ പെട്ട കാര്യം അറിയാതെ ടിപ്പര്‍ ഡ്രൈവര്‍ വാഹനം മുന്‍പോട്ട് ഓടിച്ചു. സമീപത്തു റോഡില്‍ സംഭവം കണ്ട് നിന്നവര്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് ഡ്രൈവര്‍ കാര്യം മനസ്സിലാക്കി വാഹനം നിര്‍ത്തിയത്.സജിതയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
