നിലമേല്‍ കുന്നിടിച്ചതിനെ തുടര്‍ന്ന് വീടിന് മുന്‍പില്‍ ഉണ്ടായ 20 അടി താഴ്ചയിലേക്ക് വീണ് ഗൃഹനാഥന്‍ മരിച്ചു

 


കൊല്ലം  നിലമേല്‍: കുന്നിടിച്ചതിനെ തുടര്‍ന്ന് വീടിന് മുന്‍പില്‍ ഉണ്ടായ 20 അടി താഴ്ചയിലേക്ക് വീണ് ഗൃഹനാഥന്‍ മരിച്ചു.

നിലമേല്‍ ബംഗ്ലാംകുന്ന് തുളസികൃഷ്ണ വിലാസത്തില്‍ കെ.രാജന്‍ (64) ആണ് മരിച്ചത്. വിമുക്ത ഭടനാണ് രാജന്‍. കഴിഞ്ഞ ദിവസം രാവിലെയാണു മരിച്ച നിലയില്‍ കണ്ടത്.


രണ്ട് മാസം മുന്‍പ് രാജന്റെ വസ്തുവിന്റെ ഒരുഭാഗം അഞ്ചല്‍ സ്വദേശിയായ സ്വകാര്യ വ്യക്തിക്കു വിറ്റിരുന്നു. ഈയാള്‍ ഇവിടെ ഉണ്ടായിരുന്ന കുന്നിടിച്ചു. ഇതോടെ രാജന്റെ വീട് ഉയരത്തിലായി. വീടിനു മുന്നില്‍ സംരക്ഷണ ഭിത്തി കെട്ടിയിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രി വീടിനു മുന്നില്‍ നിന്നു രാജന്‍ താഴ്ചയില്‍ വീണതാകാമെന്നാണ് സംശയിക്കുന്നത്.

വീട്ടില്‍ രാജന്‍ തനിച്ചായിരുന്നു. രാവിലെ ഇതു വഴി കടന്നു പോയ വിദ്യാര്‍ഥികളാണ് ആരോ കിടക്കുന്നത് കണ്ടത്. പരിസരത്തുള്ളവര്‍ എത്തിയപ്പോള്‍ രാജന്‍ മരിച്ച നിലയിലായിരുന്നു. പൊലീസും ഫൊറന്‍സിക് വിഭാഗവും പരിശോധന നടത്തി. കുന്നിടിച്ചവരുടെ അനാസ്ഥയാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കളുടെ ആരോപണം. കുന്നിടിച്ചതിനു ശേഷം വീടിനു മുന്നില്‍ സംരക്ഷണ ഭിത്തി കെട്ടി നല്‍കാമെന്നു വസ്തു വാങ്ങിയവര്‍ എഗ്രിമെന്റ് എഴുതി നല്‍കിയിരുന്നു. എന്നാല്‍ യഥാസമയം സംരക്ഷണ ഭിത്തി നിര്‍മാണം നടത്തിയില്ല.

Post a Comment

Previous Post Next Post