കോഴിക്കോട്: കൂടരഞ്ഞി പൂവാറൻതോട്ടിലെ സ്വകാര്യ റിസോർട്ടിലെ ജീവനക്കാരനെ വനത്തിനുള്ളിൽ കാണാതായി. ഊട്ടി കോത്തേരി സ്വദേശിയായ സതീഷിനെ (33) ആണ് കഴിഞ്ഞ രണ്ടു ദിവസമായി കാണാതായത്.
കഴിഞ്ഞ മെയ് 17-ാം തീയതി രാവിലെ തമ്പുരാൻകൊല്ലി പ്രദേശത്തുനിന്നും ഇയാൾ വനത്തിനുള്ളിലേക്ക് പ്രവേശിച്ചതായാണ് ലഭിക്കുന്ന വിവരം. എന്നാൽ വൈകിയും തിരിച്ചെത്താതായതോടെ റിസോർട്ട് അധികൃതരും നാട്ടുകാരും ചേർന്ന് പ്രദേശത്ത് പ്രാഥമികമായ തിരച്ചിൽ നടത്തിയിരുന്നു.
തുടർന്ന് വിവരമറിഞ്ഞ് ഇന്ന് രാവിലെയോടെ പൊലീസും വനപാലകരും സ്ഥലത്തെത്തി വനമേഖലയിൽ വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. പൊലീസിനും വനംവകുപ്പ് ഉദ്യോഗസ്ഥർക്കുമൊപ്പം നാട്ടുകാരും സന്നദ്ധപ്രവർത്തകരും തിരച്ചിൽ സംഘത്തിലുണ്ട്.
കാണാതായ സതീഷിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണെന്നും, കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
