ആനക്കുളം വല്യപാറക്കുട്ടിയില്‍ പ്ലസ്‌ടു വിദ്യാര്‍ഥി മുങ്ങി മരിച്ചു



ഇടുക്കി  അടിമാലി മാങ്കുളം ആനക്കുളം വല്യപാറക്കുട്ടിയില്‍ പുഴയില്‍ വിനോദ സഞ്ചാരി മുങ്ങി മരിച്ചു. എറണാകുളം നെട്ടൂര്‍ അമ്ബലത്തിങ്കല്‍ മാത്യു- മായ ദമ്ബതികളുടെ മകന്‍ അമിത് മാത്യു (17) ആണ് മരിച്ചത്.

ഔര്‍ ലേഡി മേഴ്സി സ്കൂള്‍ അരൂര്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. ഞായര്‍ ഉച്ചയോടെയാണ് സംഭവം. 


ശനിയാഴ്ച എറണാകുളം നെട്ടൂരില്‍ നിന്നും വൈകിട്ട് ആറോടെയാണ് 12 കുടുംബങ്ങളില്‍പ്പെട്ട 29 പേരാണ് മിനി ബസ്സില്‍ വിനോദസഞ്ചാരത്തിന് മാങ്കുളത്ത് എത്തിയത്. ഞായര്‍ പകല്‍ 12.30യ്ക്ക് ആനക്കുളത്ത് കുടുംബാംഗങ്ങളോടൊപ്പം വല്യപാറക്കുട്ടിയില്‍ പുഴയില്‍ ഇറങ്ങിയ അമിത് മുട്ടോളം വെള്ളത്തില്‍ നടക്കുന്നതിനിടെ പാറക്കൂട്ടത്തില്‍ മുങ്ങിപ്പോയി. ഉടന്‍ ഒപ്പമുണ്ടായിരുന്ന പിതാവ് അമിത്തിനെ കരക്കെത്തിച്ച്‌ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. എറണാകുളത്ത് ഇലക്‌ട്രീഷ്യനായി ജോലി ചെയ്യുകയാണ് അച്ഛന്‍ മാത്യു ആന്റണി, അമ്മ മായ മരിയ സ്വകാര്യ ആശുപത്രിയിലെ നേഴ്സ് ആണ്. മുമ്ബും വല്യപാറക്കുട്ടി മേഖലയില്‍ വിനോദസഞ്ചാരികള്‍ പുഴയില്‍ മുങ്ങിമരിച്ചിട്ടുണ്ട്. ആഴം മനസ്സിലാകാതെ പുഴയില്‍ ഇറങ്ങുന്നവര്‍ മുങ്ങിപ്പോകുന്നതാണ് അപകടം ഉണ്ടാകുന്നത്. പ്രദേശത്ത് അപകടമുന്നറിയിപ്പ് ബോഡുകളും സുരക്ഷാനിര്‍ദേശങ്ങളും സ്ഥാപിക്കണമെന്ന ആവശ്യം നിലനില്‍ക്കെയാണ് വീണ്ടും പുഴയില്‍ പതിനേഴുകാരന്‍ അപകടത്തില്‍പ്പെട്ടത്.

Post a Comment

Previous Post Next Post