ആലപ്പുഴ മാന്നാര്‍: സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ് ആലപ്പുഴയില്‍ എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്.
മാന്നാര്‍ ഇരമത്തൂര്‍ പരുവതറയില്‍ സദാനന്ദന്റെ മകന്‍ മണികണ്ഠന്‍ (15) നാണ് എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ പരിക്കേറ്റത്. മാന്നാര്‍ കോയിക്കല്‍ ജങ്ഷനില്‍ വെച്ച് ഇന്ന് ഉച്ചക്ക് ഒരു മണിയോടെ ആണ് അപകടം സംഭവിച്ചത്. മാന്നാര്‍ നായര്‍ സമാജം സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആണ് അപകടത്തില്‍ പെട്ടത്. എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞ് ബസില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കോയിക്കല്‍ ജങ്ഷനില്‍ ബസ് ഇറങ്ങുമ്ബോള്‍ വാതിലുകള്‍ അടക്കാതെ അശ്രദ്ധമായി ബസ് മുന്നോട്ടു എടുത്തപ്പോളാണ് വിദ്യാര്‍ത്ഥി ബസില്‍ നിന്ന് തെറിച്ചു റോഡിലേക്ക് വീണത്.
തിരുവല്ലയില്‍ നിന്ന് കായംകുളത്തേക്ക് പോയ അശ്വതി ബസില്‍ നിന്നാണ് വിദ്യാര്‍ത്ഥി തെറിച്ചു വീണത്. അപകടത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റ മണികണ്ഠന്‍ പരുമല ആശുപത്രിയില്‍ തലക്ക് ശസ്ത്രക്രിയ നടത്തിയ ശേഷം തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മാന്നാറില്‍ സ്വകാര്യ ബസുകളുടെ മത്സര ഓട്ടവും അമിത വേഗതയും പതിവാണ്. രണ്ടു മാസത്തിന് മുമ്ബും ഇതേ രീതിയില്‍ ബസില്‍ നിന്ന് തെറിച്ചു വീണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റിരുന്നു. വാതിലുകള്‍ അടക്കാതെ മത്സര ഓട്ടം നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് എതിരെ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
