അമിത വേഗതയിലെത്തിയ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ ഗൃഹനാഥന് ദാരുണാന്ത്യം



ചവറ: ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ ഗൃഹനാഥന്‍ മരിച്ചു. പന്മന വെറ്റമുക്ക് കടുവിനാല്‍ വീട്ടില്‍ താഹയാണ് (65) മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ പന്മന ഇടപ്പള്ളിക്കോട്ട ക്ഷേത്ര ജംഗ്ഷനിലാണ് അപകടം നടന്നത്. കളിയ്ക്കാവിളയിലേക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് അതേ ദിശയിലൂടെ സൈക്കിളില്‍ വരികയായിരുന്ന താഹയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തലയടിച്ചു വീണ ഇദേഹത്തെ ഉടന്‍ തന്നെ ചവറ ഫയര്‍ഫോഴ്സിന്‍റെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബസിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മൃതദേഹം പൊലീസ് നടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. ഭാര്യ : ഷീജ. മക്കള്‍ :അനൂജ, അനീസ്യ, അനൂബ്.

Post a Comment

Previous Post Next Post